
തിരുവനന്തപുരം:യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത നടപടി നേരിട്ടേക്കുമെന്ന് സൂചന. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്നവരെ സംരക്ഷിക്കരുതെന്ന ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെ തുടർന്നാണ് സംസ്ഥാന നേതൃത്വം രാഹുലിനെ കൈവിടാൻ തീരുമാനിച്ചതെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഹുലിനെതിരെ നിലപാട് കടുപ്പിച്ചതോടെ പാർട്ടി പദവിക്ക് പിന്നാലെ എം.എൽ.എ സ്ഥാനവും തുലാസിലായി. ഗർഭച്ഛിദ്രത്തിന് വഴങ്ങാത്ത യുവതിയെ കൊല്ലുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നതാണ് ഈ നീക്കങ്ങൾക്ക് വേഗം കൂട്ടിയത്. വിഷയത്തിൽ പാർട്ടിക്ക് ലഭിച്ച എല്ലാ പരാതികളും ഗൗരവമായി പരിശോധിക്കുമെന്ന് സതീശൻ വ്യക്തമാക്കി. തെറ്റ് ബോധ്യപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെയും സതീശൻ നിലപാട് അറിയിച്ചിട്ടുണ്ട്.
നേതാക്കൾ കളങ്കരഹിതരാകണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപനും ആവശ്യപ്പെട്ടു.
അതേസമയം, രാഹുലിനെ ന്യായീകരിക്കാൻ ശ്രമിച്ച ഷാഫി പറമ്പിലിനെയും വി.കെ. ശ്രീകണ്ഠനെയും പാർട്ടി നേതൃത്വം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്ന വിലയിരുത്തലാണ് കടുത്ത നടപടികൾക്ക് പിന്നിൽ. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വവും കളങ്കിതർക്കൊപ്പം നിൽക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ മാധ്യമങ്ങളെ കാണാൻ രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ട് അത് വിലക്കുകയായിരുന്നു. പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കാതിരിക്കാനായിരുന്നു ഈ നീക്കം. താൻ എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ രാവിലെ പ്രതികരിച്ചിരുന്നു. എന്നാൽ, ഫോൺ സംഭാഷണം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.











